ന്യൂഡൽഹി: ഡൽഹിയിൽ ആർടി-പിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് സർക്കാർ. തൽസമയ റിവേഴ്‌സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റുകളാണ് ആർടി-പിസിആർ പരിശോധനകൾ എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആദ്യമായി ആന്‍റിജൻ പരിശോധനകളേക്കാൾ ആർടി-പിസിആർ ടെസ്റ്റുകൾ ഡൽഹിയിൽ നടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 3.7 ലക്ഷം ജനങ്ങളിൽ സർവേ പൂർത്തിയാക്കി. തലസ്ഥാനത്ത് വീണ്ടും രോഗവ്യാപനം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നൽകിയ ഉന്നത തല യോഗം നടക്കുകയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായാണ് വീടുകൾ തോറും കയറിയിറങ്ങിയ സർവേ നടപ്പിലാക്കിയത്. പ്രധാനപ്പെട്ട 10ലധികം നിർദേശങ്ങളാണ് യോഗത്തിൽ നടപ്പിലാക്കാൻ തീരുമാനമായത്.
ഡിആർഡിഒ ആശുപത്രിയിൽ 250 വെന്‍റിലേറ്റർ കൂടി സ്ഥാപിച്ചിട്ടുണ്ട്. 207 പ്രാദേശിക ജൂനിയർ ഡോക്‌ടർമാരെ നിയമിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിലാക്കി. ഡൽഹിയിൽ 5,879 പുതിയ കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. 12.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 111 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 8,270 ആയി ഉയർന്നു.