ന്യൂഡൽഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച. അദ്ദേഹത്തോടൊപ്പം ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെയും യോഗത്തിൽ പങ്കെടുത്തു. പിപിഇകൾ, എൻ 95 മാസ്കുകൾ, വെന്‍റിലേറ്ററുകള്‍ തുടങ്ങി മറ്റ് എല്ലാ മെഡിക്കൽ ഉപകരണങ്ങളും കരുതലായി സൂക്ഷിക്കണമെന്ന് ഹർഷ് വർധൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഒരുകാരണവശാലും മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗൺ വിജയകരമായി മുന്നോട്ട് പോകുന്നതിൽ ആരേഗ്യമന്ത്രിമാരുടെ സംഭാവനകളെ ഡോ. ഹർഷ് വർധൻ അഭിനന്ദിച്ചു. രാജ്യത്ത് ഇതുവരെ 23,077 ആളുകൾക്കാണ് കൊവിഡ് 19 എന്ന മഹാമാരി ബാധിച്ചത്. 718 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. മഹാരാഷ്‌ട്രയിലാണ് കൊവിഡ് ഏറ്റവും അധികം ബാധിച്ചത്. മഹാരാഷ്‌ട്രയില്‍ മാത്രം 6,430 പേർക്ക് കൊവിഡ് ബാധിച്ചു. ഗുജറാത്തിൽ 2,624 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.