ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിലെ ഒൻപത് പ്രദേശങ്ങളെ കണ്ടയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു. കൂടുതൽ ആളുകളിലേക്ക് രോഗം പകരുന്നത് തടയാനാണ് ഈ നടപടി. സെക്ടർ -54 / നിർവാണ കൺട്രി, പാലം വിഹാർ, എമർ പാം ഗാർഡൻസ് സെക്ടർ -83, ലാബർനം സൊസൈറ്റി, സെക്ടർ -39, വില്ലേജ് ഫാസിൽപൂർ ജഹാർസ, വാർഡ് നമ്പർ 11 പാറ്റൗഡി, വില്ലേജ് റായ്പൂർ സോഹ്ന എന്നീ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കണ്ടയിൻമെന്‍റ് സോണിനുള്ളിൽ വരുന്ന വ്യക്തിയുടെ വീടുതോറും സ്‌ക്രീനിംഗ് അല്ലെങ്കിൽ തെർമൽ സ്കാനിംഗ് നടത്തുന്നതിന് ടീമുകൾ രൂപീകരിക്കും. ഇവരെല്ലാം സിവിൽ സർജന്‍റെ നിർദേശപ്രകാരമായിരിക്കും പ്രവർത്തിക്കുക. ഈ പ്രദേശങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ പൂർണ്ണമായും ശുചീകരിക്കും. ഹരിയാനയിൽ ആകെ 134 കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു. ഇതിൽ 106 കേസുകൾ ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്.