ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്‌ച 49 കൊവിഡ് 19 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണിന്ന്. ഇതോടെ ആകെ മരണസംഖ്യ 528 ആയി ഉയര്‍ന്നു. 15,15 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 48,019 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്‌ച മരിച്ചവരിൽ 46 പേര്‍ പ്രമേഹം, രക്താതിസമ്മർദ്ദം, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരായിരുന്നു. 35 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും 14 സ്വകാര്യ ആശുപത്രികളിലുമാണ് മരിച്ചത്. 19,242 സാമ്പിളുകൾ ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതല്‍ പരിശോധനകൾ നടത്തിയ ദിവസം കൂടിയാണിന്ന്. 1,438 പേര്‍ കൂടി രോഗമുക്തരായി. ചെന്നൈയില്‍ 919 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ചെന്നൈയിലെ മാത്രം രോഗബാധിതരുടെ എണ്ണം 34,245 ആയി. 20,706 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.