ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് രോഗികളെക്കാൾ പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,746 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തമാകുന്നവരുടെ എണ്ണം 45,87,613 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 81.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം 83,347 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. കേന്ദ്രീകരണ പ്രതിരോധ നടപടികളിലൂടെയാണ് രാജ്യം കൊവിഡിനെതിരെ പോരാടുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ആഗോളതലത്തിൽ 19.5 ശതമാനം രോഗമുക്തർ ഇന്ത്യയിലാണ്. ലോകത്തിൽ ഏറ്റവുമധികം രോഗമുക്തർ ഇന്ത്യയിലാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം രോഗമുക്തി റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, കർണാടക, യുപി, ആന്ധ്രാ പ്രദേശ്, ഡൽഹി, ഹരിയാന, ഒഡീഷ, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിനം 20,000ലധികം പേർ രോഗമുക്തരാകുന്നുണ്ട്. ആന്ധ്രാ പ്രദേശിൽ 10,000ലധികം ആളുകളാണ് രോഗമുക്തരാകുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 90,020 പേർ മരിച്ചു.