പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ് മൂലം ഒരാള്‍ മരിച്ചു. ഇതോടെ പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പുതുതായി ആറ് പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 163 ആയി. മുതലിയാര്‍പേട്ടില്‍ നിന്നുള്ള 82കാരനാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി മല്ലാഡി കൃഷ്‌ണ റാവു വ്യക്തമാക്കി. നിലവില്‍ കൊവിഡ് ചികില്‍സയിലുള്ള 84 പേരില്‍ 79 പേര്‍ പുതുച്ചേരിയിലാണ് ചികില്‍സ തേടുന്നത്. മറ്റുള്ളവര്‍ മാഹയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 76 പേരാണ് രോഗവിമുക്തി നേടിയത്.
സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതിലൂടെയാണ് കൂടുതല്‍ രോഗബാധ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പും പൊലീസും റവന്യൂ വകുപ്പും മറ്റ് വകുപ്പുകളും നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആരോഗ്യ സെക്രട്ടറി പ്രശാന്ത് കുമാര്‍ പാണ്ഡ വ്യക്തമാക്കി. മികച്ച ആരോഗ്യ കേന്ദ്രങ്ങളും സംവിധാനങ്ങളുമാണ് പുതുച്ചേരിയിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.