ന്യൂഡല്‍ഹി: പഞ്ചാബില്‍ കൊവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയെയും രൂക്ഷമായി ബാധിച്ചെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ വരുമാനത്തില്‍ 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. 1.5 ശതമാനം വ്യവസായ ശാലകള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ മാസം 3,360 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്നിടത്ത് വെറും 396 കോടി രൂപയാണ് ലഭിച്ചത്. പഞ്ചാബില്‍ വൈദ്യുതി കോര്‍പ്പറേഷന്‍ ദിവസേന 30 കോടി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്‌ടി തുകയായ 4365.37 കോടി രൂപ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. ദിവസേന 2,500 പരിശോധനകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതുവരെ 30,199 കൊവിഡ് പരിശോധനകള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ 15 ജില്ലകള്‍ ഓറഞ്ച് സോണായും മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ നാല് കണ്ടോന്‍മെന്‍റെ സോണുകളും നാല് റെഡ് സോണുകളുമാണുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 1,451 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 969 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 23 പേര്‍ക്ക് പരിശോധനയില്‍ രോഗലക്ഷണം കണ്ടിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 25 പേര്‍ മരിച്ചു. ഗള്‍ഫ് പോലുള്ള കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 20,000 ആളുകള്‍ സംസ്ഥാനത്തേക്ക് വരാനുണ്ട്. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 12,000 ആളുകളാണ് മടങ്ങിയെത്താന്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക അറിയിച്ചു. പഞ്ചാബില്‍ നിന്ന് മടങ്ങുന്നതിനായി പത്ത് ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബിഹാര്‍, യുപി എന്നിവടങ്ങില്‍ നിന്നുള്ളവരാണ്. മെയ് അഞ്ചിന് പഞ്ചാബില്‍ നിന്ന് യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി പ്രത്യേക ട്രെയില്‍ പുറപ്പെട്ടിരുന്നു.