കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷമാകുന്നു. കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ, കമ്മ്യൂണിറ്റി ക്ലബ്ബുകൾ, എൻജിഒ എന്നിവ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് നിർത്തേണ്ടിവന്നതോടെയാണ് രക്തക്ഷാമം രൂക്ഷമായത്. സംസ്ഥാനത്തെ 108 ബ്ലഡ് ബാങ്കുകളിലേക്കുള്ള രക്ത വിതരണത്തിന്‍റെ 80 ശതമാനവും ഇത്തരം ക്യാമ്പുകളിൽ നിന്നാണ് ലഭിക്കുന്നതെന്ന് സെൻട്രൽ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു.
തല്‍സീമിയ രോഗികളുടെയും സ്ഥിരമായി രക്തപ്പകർച്ച ആവശ്യമുള്ളവരുടെയും അവസ്ഥ വളരെ ദയനീയമാണെന്ന് പീപ്പിൾസ് ബ്ലഡ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ബ്രാട്ടിഷ് നിയോഗി പറഞ്ഞു. വേനൽക്കാലത്ത് രക്ത ശേഖരണം സാധാരണയായി 40 ശതമാനം കുറയുമെങ്കിലും കൊവിഡ്19 ബാധ സ്ഥിതി കൂടുതൽ വഷളാക്കിയതായി നിയോഗി പറഞ്ഞു. രക്തം ആവശ്യമുള്ള ആൾ തന്‍റെ അതേ ഗ്രൂപ്പിലുള്ള രക്ത ദാതാവിനെ സ്വയം കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോളെന്നും അദ്ദേഹം പറഞ്ഞു.
പല ശസ്ത്രക്രിയകളും രക്തത്തിന്‍റെ ആവശ്യകത പരിശോധിക്കുന്നതിനായി മാറ്റി വച്ചതായി ലൈഫ്‌ലൈൻ ബ്ലഡ് ബാങ്ക് ഡയറക്ടർ എ .ഗാംഗുലി പറഞ്ഞു. കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രക്ത ശേഖരണം സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു.