ഗാന്ധിനഗർ: അഹമ്മദാബാദിലെ കൊവിഡ് കേസുകളുടെ എണ്ണം 6,086 ആയി. ഇതോടെ ഗുജറാത്തിലെ ആകെ കേസുകളുടെ എണ്ണം 8,542 ആയി ഉയർന്നു. 513 പേരാണ് ഗുജറാത്തിൽ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 400 മരണങ്ങൾ അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച 235 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 347 കേസുകളിൽ 268 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അഹമ്മദാബാദിൽ നിന്നാണ്.
അഹമ്മദാബാദിനെ കൂടാതെ വഡോദര (29), സൂററ്റ് (19), ഗാന്ധിനഗർ (10), പഞ്ചമഹൽസ്, ബനസ്‌കന്ത (4 വീതം), ഭരുച്ച്, സബർകന്ത, ജാംനഗർ, പാടൻ, ജാംനഗർ, ബോട്ടാഡ് (3 വീതം), ആനന്ദ്, മെഹ്സാന (2 വീതം) ഭാവ് നഗർ, നർമദ, അരവല്ലി (1 വീതം) എന്നിവിടങ്ങളിൽ നിന്നും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ജുനാഗഡിൽ ആദ്യത്തെ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അമ്രേലി മാത്രമാണ് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ജില്ല.
കൊവിഡ് ബാധിച്ച് 20 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 513 ആയി. മെയ് ഒന്ന് മുതൽ സംസ്ഥാനത്ത് ദിനംപ്രതി 20 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 11 ദിവസത്തിനിടെ ആകെ 299 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
അഹമ്മദാബാദിൽ തിങ്കളാഴ്ച മാത്രം 19 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 235 രോഗികളെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 2,780 ആയി.