ബെംഗളൂരു: കര്‍ണാടകയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡില്‍ മരിച്ചവരുടെ എണ്ണം 142 ആയി. സംസ്ഥാനത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9399 ആയിയെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്ന് 111 പേരാണ് രോഗവിമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 5730 പേര്‍ രോഗവിമുക്തരായി. 3523 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 80 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്ന് മരിച്ചവരില്‍ മൂന്നുപേര്‍ ബെംഗളൂരുവില്‍ നിന്നുള്ളവരും മറ്റ് രണ്ടുപേര്‍ രാമനഗര, ബല്ലാരി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. ബെംഗളൂരുവില്‍ മരിച്ചത് 70ഉം 45 ഉം പ്രായമായ പുരുഷന്മാരാണ്. ഒരാള്‍ 38 വയസുള്ള സ്ത്രീയാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 249 പേരില്‍ 50 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. പതിനൊന്ന് പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ബെംഗളൂരുവാണ് മുന്നില്‍ ഇവിടെ 1398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കലാബുര്‍ഗിയില്‍ 1266 പേര്‍ക്കും ഉഡുപ്പിയില്‍ 1077 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഉഡുപ്പിയില്‍ 961 പേര്‍ക്ക് രോഗം ഭേദമായി. കലാബുര്‍ഗിയില്‍ 731 പേരും യാഡ്ഗിറില്‍ 537 പേരും രോഗവിമുക്തി നേടി.
ഇതുവരെ 5,15,969 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 9,204 എണ്ണം തിങ്കളാഴ്ച മാത്രം പരിശോധിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ 4,93,921 സാമ്പിളുകൾ നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 8,576 സാമ്പിളുകൾ തിങ്കളാഴ്ച നെഗറ്റീവാണെന്ന പരിശോധന ഫലം വന്നു.