ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെകിന്‍റെ കോവാക്സിന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണം മികച്ച ഫലങ്ങൾ പ്രകടിപ്പിച്ചതായി അധികൃതർ. കൂടാതെ കൊവിഡ് വാക്സിന് തത്സമയ വൈറൽ ചലഞ്ച് മാതൃകയിൽ സംരക്ഷണ ഫലപ്രാപ്തി ഉണ്ടെന്നും അധികൃതർ അറിയിച്ചു.
കോവാക്സിൻ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ സെപ്റ്റംബർ 5ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
വാക്സിനിലെ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ 15ന് രാജ്യത്തുടനീളമുള്ള 12 കേന്ദ്രങ്ങളിൽ ആരംഭിച്ചു. സന്നദ്ധപ്രവർത്തകർക്ക് 14 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിനേഷൻ ഷോട്ടുകൾ നൽകി. 375 സന്നദ്ധപ്രവർത്തകരുടെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് കോവാക്സിൻ വിജയകരമായി വികസിപ്പിച്ചതായി ഭാരത് ബയോടെക് ജൂൺ 29 ന് പ്രഖ്യാപിച്ചിരുന്നു.