നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്‍റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് ഒഴിയണം എന്ന സിംഗിള്‍ ബെഞ്ച് വിധി ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ അസ്സോസിയേറ്റഡ് ജേര്‍ണല്‍സ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തളളി. എന്നാല്‍ കെട്ടിടം ഒഴിയാന്‍ ഉളള കാലാവധി വ്യക്തമാക്കിയിട്ടില്ല.
സോണിയഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. കോടിക്കണക്കിന് രൂപയുടെ സ്വത്തുളള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപികരിച്ച് സോണിയാ ഗാന്ധിയും സംഘവും തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസ്സോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശരഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നുണ്ട്.