ഭോപ്പാൽ: മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ബറുഫത്തക് ഗ്രാമത്തിന് സമീപം അജ്ഞാതരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി ദമ്പതികൾ. നാലംഗ സംഘം ചേർന്ന് ഭർത്താവിനെ കെട്ടിയിട്ട് 30കാരിയായ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ പക്കലുണ്ടായിരുന്ന 24,000 രൂപ കവരുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. യാത്രക്കിടെ വാഹനം നിർത്തി വിശ്രമിച്ചു. ഈ സമയം സമീപത്തെ കുറ്റികാടിനുള്ളിലേക്ക് പോയ ഭാര്യ തിരിച്ചുവരാതായി. ഇതോടെ ഭർത്താവ് അന്വേഷിച്ച് ചെന്നപ്പോഴാണ് യുവതിയെ സംഘം ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടത്. തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ ഇയാളെ കെട്ടിയിട്ടു. കൈവശം ഉണ്ടായിരുന്ന പണം എടുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെ ദമ്പതികൾ പൊലീസിൽ പരാതി നൽകി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.