മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാവ് കൂടിയായ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്‌ചയാണ് മന്ത്രി ജന്മനാട്ടിൽ നിന്ന് മുംബൈയിലെത്തിയത്. കഴിഞ്ഞയാഴ്‌ച സ്വന്തം ജില്ലയായ മറത്ത്‌വാഡയിലേക്ക് മടങ്ങുന്നതിന് മുമ്പ് മുംബൈയില്‍ നടന്ന ചില ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
മന്ത്രിക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് സാമ്പിൾ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ മുംബെയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിന് മുമ്പ് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്‌ചത്തെ ചികിത്സക്ക് ശേഷം ജിതേന്ദ്ര അവാദ് രോഗമുക്തനായി ആശുപത്രി വിട്ടു.