ന്യൂഡൽഹി: സ്കൂൾ കുട്ടികൾക്കിടയിൽ കൊവിഡ്-19 പടരാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ഇന്ത്യയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികളില്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്നും പരീക്ഷ കാലഘട്ടമായതിനാൽ പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അതെസമയം, സ്കൂളുകളിൽ വിദ്യാർഥികളുടെ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു. സ്കൂളിൽ ശുചീകരണ പരിപാടികൾ വിപുലമാക്കാനും ഡോർക്നോബുകൾ, സ്വിച്ചുകൾ, ഡെസ്ക്ടോപ്പുകൾ തുടങ്ങിയവ അണുവിമുക്തമാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.