ഗാന്ധിനഗർ : സംസ്ഥാനത്തെ ഏറ്റവും വലിയ നാല് നഗരങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ഗുജറാത്ത് സർക്കാർ. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലാണ് കടകളും മാളുകളും മാർച്ച് 25 വരെ അടച്ചിടുന്നത്. അതേസമയം സർക്കാർ ഓഫീസുകൾ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ മാർച്ച് 29 വരെ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അവശ്യവസ്തുക്കളായ പാൽ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളും ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയും തുറന്നുപ്രവർത്തിക്കും. മാർച്ച് 29 വരെ ക്ലാസ് മൂന്നാമത്തെയും നാലാമത്തെയും ജീവനക്കാരിൽ 50 ശതമാനം ജീവനക്കാർ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.
മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ, ഇന്റർനെറ്റ്-ടെലിഫോൺ, ബാങ്കുകൾ, മാധ്യമ സ്ഥാപനങ്ങൾ, ബാങ്ക് ക്ലിയറിംഗ് വീടുകൾ, എടിഎമ്മുകൾ, ഗതാഗത സേവനങ്ങൾ, പെട്രോൾ പമ്പുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവയുടെ അവശ്യ സേവനങ്ങൾ തുടർന്ന് പ്രവർത്തിക്കുമെന്ന് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.