ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധം ശക്തമാക്കിയ സാഹചര്യത്തിൽ കോടതി പരിസരത്ത് അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഡൽഹി ഹൈക്കോടതി അഭിഭാഷകരോടും ജനങ്ങളോടും ആവശ്യപ്പെട്ടു. ആളുകൾ തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കാണിച്ച് ഡൽഹി സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 43 ആയി ഉയർന്നു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് വയസുള്ള കുട്ടിയടക്കം കേരളത്തിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.