ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,893 ആയി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 മരണങ്ങളില്‍ 24 എണ്ണം 60 വയസിന് മുകളിലുള്ളവരാണ്. ഇവരിൽ ഒമ്പത് പേർ 50-60 വയസിനിടയിലുള്ളവരാണെന്നും 10 പേർ 50 വയസിന് താഴെയുള്ളവരാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വടക്കൻ ഡല്‍ഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് താമസിക്കുന്ന കുട്ടികളടക്കം ഒരു കൂട്ടു കുടുംബത്തിലെ 31 അംഗങ്ങൾക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പുതിയ സോണുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഡൽഹിയില്‍ കൊവിഡ് സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ 76 എണ്ണമായി. ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ മാസ്ക്, സാനിറ്റൈസേഷൻ, അണുനാശിനി എന്നിവ കൃത്യമായി നല്‍കുന്നുണ്ട്.
ജനങ്ങള്‍ക്ക് 24 മണിക്കൂറും പരാതി നല്‍കാം. 8287972050 എന്ന വാട്സ് ആപ്പ് നമ്പറിലേക്കാണ് പരാതികള്‍ അയക്കേണ്ടത്. കമ്മ്യൂണിറ്റി ലാബ് പരിശോധനയ്ക്കുള്ള പ്രോത്സാഹന പദ്ധതിക്കായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച 1,047 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. 26 രോഗികൾ ഐസിയുവിലും ആറ് പേർ വെന്‍റിലേറ്ററിലുമാണ്. ഇന്നുവരെ പരിശോധനയ്ക്കായി അയച്ച കൊവിഡ് 19 സാമ്പിളുകളുടെ എണ്ണം 22,283 ആണ്.