ജയ്‌പൂർ: കൊവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം. ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യയിലും വൈറസിനെതിരെ ശക്തമായ ജാഗ്രതാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നഴ്‌സുമാർക്ക് മാസ്‌കും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധരിച്ച് മാത്രമേ രോഗിയെ സമീപിക്കാൻ കഴിയുകയുള്ളൂ. എന്നാൽ, ഇതിന് ഒരു പ്രതിവിധി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ജയ്‌പൂരിലെ സർക്കാർ ആശുപത്രി. രോഗിക്ക് നൽകേണ്ട മരുന്നും ഭക്ഷണവുമെല്ലാം യന്ത്രമനുഷ്യനിലൂടെ എത്തിക്കുന്നത് വഴി ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നത് തടയാൻ സാധിക്കും.
ഇത്തരമൊരു ആശയവുമായി ഒരു സ്വകാര്യ കമ്പനി തങ്ങളെ സമീപിച്ചതായും ഇതിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നിരീക്ഷിക്കായി കമ്മിറ്റി രൂപീകരിച്ചെന്നും ജയ്‌പൂർ എസ്എംഎസ് ആശുപത്രി അധികൃതർ അറിയിച്ചു. ക്ലബ് ഫസ്റ്റ് എന്ന കമ്പനിയാണ് കൊവിഡ് രോഗികളെ സേവിക്കാനായി യന്ത്രമനുഷ്യനെ നിർമിച്ചു നൽകാമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവർ ഹോട്ടലുകളിൽ ട്രേകളിലൂടെ ഭക്ഷണം എത്തിക്കുന്നത് മുമ്പ് പരീക്ഷിച്ചിരുന്നു. ഓരോ രോഗിയുടെയും അടുത്തെത്തി ഭക്ഷണവും മരുന്നും നൽകാനും ചാർജ് തീരുമ്പോൾ സോക്കറ്റിന് അടുത്തെത്താനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഏതായാലും പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഇത് വ്യാപകമായി നടപ്പിലാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.