കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗിയായ യുവതി ആൺകുഞ്ഞിന് ജൻമം നല്‍കി. കുഞ്ഞിന് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 20നാണ് പശ്ചിമ ബംഗാളിലെ സഞ്ജീവനി ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതി പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം കുഞ്ഞിനെ മുലയൂട്ടാൻ അനുവാദം നല്‍കിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിനായി ഗൈനക്കോളജിസ്റ്റും പീഡിയാട്രിക് വിദഗ്‌ധനും അടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ പിതാവിന് കുഞ്ഞിനെ കാണിച്ചു കൊടുത്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.