ഹൈദരാബാദ്: നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐയെ പുനരുജ്ജീവിപ്പിക്കാനുള്ള മാവോയിസ്റ്റുകളുടെ ശ്രമങ്ങളെ പൊലീസുകാർ തടഞ്ഞെന്ന് തെലങ്കാന ഡിജിപി എം മഹേന്ദർ റെഡ്ഡി. ഒരു വർഷത്തനിടയിൽ നിരവധി തവണ അയൽ സംസ്ഥാനമായ ഛത്തീസ്‌ഗഡിൽ നിന്നും മാവോയിസ്റ്റുകൾ തെലങ്കാനയിലേക്ക് വരുകയും താമസിക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള പൊലീസ് ടീമുകൾ ഇവരുടെ പ്രവർത്തനത്തെ നിരന്തരം നിരീക്ഷിക്കുകയും വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ തെലങ്കാന പൊലീസിന്‍റെ എലൈറ്റ് നക്സൽ വിരുദ്ധ സേന ,ജില്ലാ പൊലീസ്, പ്രത്യേക പൊലീസ് എന്നിവരുടെ പങ്ക് വളരെ വലുതാണെന്നും എം മഹേന്ദർ റെഡ്ഡി പറഞ്ഞു.
2020 ൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ 11 താവളങ്ങൾ പൊലീസ് തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ 11 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 45 മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. തെലങ്കാനയിലെ 30 ജില്ലകള്‍ സിപിഐ (മാവോയിസ്റ്റ്) അക്രമ സംഭവങ്ങളിൽ നിന്ന് മുക്തമാണെന്നും അദ്ദേഹം പറഞ്ഞു.