ന്യൂഡൽഹി: കാർഷിക ബിൽ കോർപ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് നാളെ യോഗം ചേരും. കമ്മിറ്റി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഇൻ ചാർജുകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും യോഗത്തിനെപ്പറ്റി നേതാക്കൾക്ക് നിർദേശം നൽകി.
അനാരോഗ്യത്തെ തുടർന്ന് സോണിയ ഗാന്ധി ചികിത്സക്കായി വിദേശത്താണുള്ളത്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിക്കൊപ്പമുണ്ട്. കോൺഗ്രസ്, ബിജെപി സഖ്യകക്ഷിയായ അകാലിദൾ, ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭാരതിയ കിസാൻ സംഘ് തുടങ്ങിയവർ കാർഷിക ബില്ലിനെതിരെ പാർലമെന്‍റിൽ പ്രതിഷേധം അറിയിച്ചിരുന്നു. ബില്ലിലൂടെ കോർപ്പറേറ്റുകളെയാണ് മോദി സർക്കാർ സഹായിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. കാർഷിക ബിൽ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിൽ പാസായത്.