ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ബിജെപിയുടെ ദേശീയതാ വാദത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. താഴെ തട്ടുമുതല്‍ ദേശീയ തലം വരെയുള്ള നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമായാണ് കോണ്‍ഗ്രസിന്‍റെ പരിശീലന ക്ലാസ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയതയെ പറ്റിയുള്ള പാര്‍ട്ടിയുടെ വീക്ഷണമാകും പ്രവര്‍ത്തകരെ പഠിപ്പിക്കുക.
സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നുവരെ കോൺഗ്രസ് എല്ലായ്‌പ്പോഴും യഥാർഥ ദേശീയതയെ രാജ്യത്തിന് മുന്നിൽ തുറന്ന് കാണിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ തങ്ങളുടെ തൊഴിലാളികളെ പരിശീലിപ്പിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്നും ദേശീയ വക്താവ് അലോക് ശർമ പറഞ്ഞു. ബിജെപിയുടെ കപട ദേശീയത മറികടക്കാന്‍ കോൺഗ്രസ് പാർട്ടിക്ക് ഇത് തുറന്നുകാട്ടേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.