ന്യൂഡൽഹി: ആഗോളതലത്തിൽ ഭീതിയായി മാറിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയത്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനോട് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബിജെപി. കൊവിഡിനെ നേരിടാൻ സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും കോൺഗ്രസ് വിമർശിക്കുകയാണ് ചെയ്‌തതെന്ന് ബിജെപിയുടെ ദേശീയ വക്താവും കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈൻ പറഞ്ഞു. സർക്കാരിന് കത്തെഴുതുക എന്നതിൽ മാത്രമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി ഒതുങ്ങിപ്പോകുന്നുവെന്നും ഷാനവാസ് ഹുസൈൻ ആരോപിച്ചു.
കോൺഗ്രസ് ഒരു പഴയ പാർട്ടിയാണ്. അത് ധാരാളം കാര്യങ്ങൾ രാജ്യത്തിനായി ചെയ്യുകയും ചെയ്‌തു. എന്നാൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി ഉന്നയിച്ച പല കാര്യങ്ങളും പ്രായോഗികമല്ലെന്നും അതിനാൽ തന്നെ എംപി ലോക്കൽ ഏരിയ ഡെവലപ്‌മെന്‍റ് ഫണ്ട് രണ്ട് വർഷത്തേക്ക് നിർത്തിവക്കുന്നുവെന്ന തീരുമാനത്തെ കോൺഗ്രസ് അംഗീകരിക്കണമെന്നും ബിജെപി ദേശീയ വക്താവ് ആവശ്യപ്പെട്ടു. കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി എംപിമാരുടെ ഫണ്ട് രണ്ട് വർഷത്തേക്ക് പിൻവലിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ അത് പല വികസനപ്രവർത്തനങ്ങൾക്കും തടസമാകുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കോൺഗ്രസ് എതിർത്തിരുന്നു.