ഹൈദരാബാദ്: തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജി. നരേന്ദ്ര യാദവ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നരേന്ദ്ര യാദവിന്‍റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണിനിടെ പാവപ്പെട്ടവർക്ക് സഹായം നൽകുന്ന നിരവധി പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. അടുത്തിടെ പാർട്ടി ആസ്ഥാനമായ ഗാന്ധിഭവനിൽ നടന്ന പാർട്ടി പരിപാടിയിലും യാദവ് പങ്കെടുത്തു. തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മുതിർന്ന നേതാക്കളിലൊരാളായ നരേന്ദ്ര യാദവിന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്‍റെ വിയോഗം പാർട്ടിക്ക് വലിയ നഷ്‌ടമാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് ഡോ. ശ്രാവൺ ദസോജു ട്വിറ്ററിലൂടെ അറിയിച്ചു.
ഈയാഴ്‌ച കൊവിഡ് ബാധയിൽ മരിക്കുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് നരേന്ദ്ര യാദവ്. ഇതിനുമുമ്പ് ആന്ധ്രാപ്രദേശിലെ കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്‍റെ മുൻ അധ്യക്ഷൻ മുഹമ്മദ് സിറാജുദ്ദീൻ മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദിലെ മേട്ടുഗുഡ ഡിവിഷൻ പാർട്ടി മേധാവി ഭാസ്‌കർ മുദിരാജ് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പരിശോധനാ ഫലം ലഭിക്കാൻ വൈകിയതുമൂലം നിരവധി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ലെന്ന് നേതാവിന്‍റെ ബന്ധുക്കൾ ആരോപിച്ചു. കൊവിഡ് സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്‌മൂദ് അലി, തെലങ്കാന നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ പദ്‌മ റാവു, മൂന്ന് തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാർ എന്നിവർ രോഗമുക്തി നേടി.