കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായുമയി ഇടിവി ഭാരത് റിപ്പോര്‍ട്ടര്‍ നിയാമിക സിങ് നടത്തിയ അഭിമുഖം.
ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് സംസ്‌കാരത്തിനെതിരെ ദേശീയ വക്താവ് സഞ്ജയ് ഝാ. കോൺഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനായി നടപടികളും അദ്ദേഹം ഇടിവി ഭാരതുമായി നടത്തിയ ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ നിർദേശിച്ചു. പാര്‍ട്ടി “പഴഞ്ചന്‍ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന'' ഒന്നായി മാറിയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വിമർശനം.
കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളില്‍ എവിടെയാണ് പിഴവുകള്‍ സംഭവിക്കുന്നത്?
ഒറ്റക്കെട്ടായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തതാണ് കോൺഗ്രസ് പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നത്. ഈ സാഹചര്യം എപ്പോഴും ഭാരതീയ ജനതാ പാര്‍ട്ടിക്ക് സഹായകമായിത്തീരുന്നതാണ് നാം കാണുന്നത്. ഇരു പാര്‍ട്ടികളുടെയും ആദര്‍ശങ്ങള്‍ തീര്‍ത്തും വ്യത്യസ്‌തമാണ്. കോണ്‍ഗ്രസ് മതേതരവും സ്വതന്ത്ര ചിന്താഗതിയുള്ളതും ജനാധിപത്യ പുരോഗമന സഹിഷ്‌ണുതയുമുള്ള പാര്‍ട്ടിയാണ്. അതിനെ അനുദിനം ക്ഷയിപ്പിക്കുവാന്‍ അനുവദിക്കുകയാണ് ഞാനടങ്ങുന്ന കോൺഗ്രസ് നേതൃത്വം ഇപ്പോൾ ചെയ്യുന്നത്.
രാഹുല്‍ഗാന്ധി രാജി വെച്ചതിന് ശേഷം ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടി പ്രസിഡന്‍റ് ഇല്ലാതായിരിക്കുന്നു. ഇനിയും അത് തുടരാതെ പാർട്ടിക്ക് പ്രസിഡന്‍റിനെ ആവശ്യമാണ്. പാർട്ടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. അടുത്ത ലോകdസഭ തെരഞ്ഞെടുപ്പിലേക്ക് ഉയര്‍ത്തി കാട്ടുവാനായി പാര്‍ട്ടിക്കൊരു പ്രമുഖ മുഖമില്ല എന്നത് വളരെ ദോഷകരമായ കാര്യമാണ്. അങ്ങനെ ഒരു നേതാവിനെ ഉയര്‍ത്തി കാട്ടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും അതിന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ബിജെപിയുടെ ജോലി അത്യന്തം എളുപ്പമാക്കുകയായിരിക്കും ഞങ്ങള്‍ ചെയ്യുന്നത്.
പാര്‍ട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്‌തമായ അഭിപ്രായമുള്ള രണ്ട് ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടെന്നുള്ള കാര്യം താങ്കള്‍ സമ്മതിക്കുമോ?
ഏത് ചര്‍ച്ചകളിലും എപ്പോഴും രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. ചിലപ്പോള്‍ ഒരു മൂന്നാമത്തെ വിഭാഗത്തിനുമുള്ള സാധ്യതയും ഉണ്ടാകാം. അതിനൊക്കെ ഉപരിയായി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് നേരിടുന്നത് അസ്ഥിത്വ പ്രതിസന്ധി തന്നെയാണ്. രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പാര്‍ട്ടി തോറ്റു. മൊത്തത്തില്‍ 100 സീറ്റുകള്‍ നേടാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ല. നിരവധി സംസ്ഥാനങ്ങള്‍ കൈവിട്ടു പോയി. വ്യക്തമായും പാര്‍ട്ടി ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
രണ്ടാമതായി ഞങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന കാര്യം ബിജെപി ഒരു ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണെന്നുള്ളതാണ്. പക്ഷെ അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തു തന്നെ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്നാണ് കോൺഗ്രസ് ഒടുവില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത് എന്ന ചോദ്യം. കോൺഗ്രസ് ഒരു പുതിയ ഒരു നേതാവിനെ കണ്ടെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര രൂപഘടന എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനായി തീര്‍ത്തും വ്യത്യസ്‌തമായ ഒരു സമീപനവും രീതിയും കൊണ്ടുവരാന്‍ കഴിയുന്ന ഒരു നേതാവിനെയാണ് പാര്‍ട്ടിക്ക് ഇന്ന് ആവശ്യം. മാത്രമല്ല, ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ പൊതു ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ എന്തൊക്കെ ചെയ്യേണ്ടിയിരിക്കുന്നു എന്ന് അറിയുന്ന ഒരു നേതാവു കൂടിയായിരിക്കണം ഉയർന്ന് വരേണ്ട പുതിയ നേതാവ്.
ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളിലും എംഎൽഎന്മാർ കൂട്ടത്തോടെ രാജിവെക്കുകയാണ്. രാജ്യസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തിക്കഴിഞ്ഞു. എവിടെയാണ് കോൺഗ്രസിന് തെറ്റ് സംഭവിക്കുന്നത്?
2017-ല്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുക. അന്ന് ഞങ്ങള്‍ ബിജെപിയെ വിറപ്പിച്ചു കൊണ്ടാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ എവിടെ ചെന്ന് എത്തി നില്‍ക്കുന്നു എന്ന് നോക്കൂ. അന്ന് ഞങ്ങള്‍ വിജയിപ്പിച്ച അതേ എംഎല്‍എമാര്‍ തന്നെയാണ് ഇന്ന് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രശനം. എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ ആളുകളെ കൂടെ തന്നെ നിര്‍ത്താന്‍ കഴിയുന്നില്ല? അതിനര്‍ഥം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നവര്‍ പാര്‍ട്ടി ആദര്‍ശങ്ങള്‍ മനസില്‍ കൊണ്ടു നടക്കുന്നവരല്ല എന്നാണ്.
പണവും സിബിഐയും ആദായ നികുതി വകുപ്പും പോലുള്ള അധികാര ശക്തിയും ഉപയോഗിക്കുന്നതിന് ബിജെപിയെ കുറ്റം പറയുവാന്‍ എളുപ്പമാണ്. പക്ഷെ അവര്‍ എങ്ങനെ അതില്‍ വിജയിക്കുന്നു? സമ്മര്‍ദ്ദവും പാട്ടിലാക്കിയെടുക്കലും ഒക്കെ ഉണ്ടെങ്കിലും എന്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കാർ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കുന്നില്ല? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കഴിവില്ലായ്മയാണ് പാര്‍ട്ടിക്കാരെല്ലാം അതിനെ വിട്ട് പോകുവാന്‍ കാരണമാകുന്നത്.
പാര്‍ട്ടിയില്‍ കാതലായ മാറ്റം കൊണ്ടുവരുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുണ്ടോ?
ആദ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തണം. ഈ നാമനിര്‍ദ്ദേശ സംസ്‌കാരം തന്നെ ഇല്ലാതാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മൊത്തം പാര്‍ട്ടിയെ കൈകാര്യം ചെയ്യുന്ന നേതൃത്വം ജനഹിതത്തിന് എതിരായി മാറൂ. അതൊട്ടും ആരോഗ്യകരമല്ല. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം കൊണ്ടു വരേണ്ടതാണ് ഏറ്റവും പ്രധാന്യമായ കാര്യം. പാർട്ടിക്ക് അഞ്ച് പ്രാദേശിക വൈസ് പ്രസിഡന്‍റുമാരെയാണ് വേണ്ടത്. ഇതൊരു വലിയ രാജ്യമാണ്. ഓരോ മേഖലയിലേയും പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അധികാരമുള്ള കൂടുതല്‍ നേതാക്കന്മാരെ അതു കൊണ്ടു തന്നെ പാര്‍ട്ടിക്ക് ആവശ്യമുണ്ട്.
നിര്‍ണായക വകുപ്പുകളിലായ പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദേശ നയങ്ങള്‍ എന്നിങ്ങനെയുള്ളവയിൽ ഒരു നിഴല്‍ മന്ത്രിസഭയുടെ ആവശ്യവുമുണ്ട്. സര്‍ക്കാരിനെ എപ്പോഴും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ഏറ്റവും മികച്ച നേതാക്കന്മാര്‍ ഉണ്ടായിരിക്കേണ്ട ഇടങ്ങളാണ് ഈ വകുപ്പുകള്‍. അതുപോലെ വളരെ സുതാര്യമായ രീതിയില്‍ പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്ന ഒരു രീതിയിലേക്ക് പാര്‍ട്ടി മാറേണ്ടിയിരിക്കുന്നു. കോര്‍പ്പറേറ്റ് കമ്പനികളെ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ മാത്രം ആശ്രയിക്കുന്ന രീതി മാറണം.
എല്ലാവര്‍ക്കും എല്ലാവരുടേയും മുന്നില്‍ തുറന്ന് വെക്കുന്ന ഒന്നായി മാറണം പാര്‍ട്ടി ഫണ്ട്. നമ്മുടെ സംസ്ഥാന നേതാക്കന്മാരെ കൂടുതല്‍ കരുത്തുറ്റവരാക്കേണ്ടതുണ്ട്. അതിന് നമ്മള്‍ ആദ്യം മാറ്റേണ്ടത് നിലവിലുള്ള എഐസിസി ഘടനയാണ്. അത് തീര്‍ത്തും പഴഞ്ചനായി മാറി കഴിഞ്ഞിരിക്കുന്നു. എളുപ്പത്തിൽ ഇഷ്ടം പോലെ രൂപാന്തരപ്പെടുത്താവുന്ന വഴക്കമുള്ള ഒന്നായി മാറ്റത്തെ കണ്ടു വേണം നമ്മള്‍ ഇനി മുന്നോട്ട് പോകാന്‍.
കോൺഗ്രസ് പാര്‍ട്ടിക്കകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ല എന്നാണോ താങ്കള്‍ അര്‍ഥമാക്കുന്നത്?
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ആര്‍ക്കും ആരേയും ബന്ധപ്പെടാനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഏത് ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുവാന്‍ കഴിയുകയും വേണമെന്ന സാഹചര്യം സൃഷ്‌ടിക്കണമെന്നാണ് ആഭ്യന്തര ജനാധിപത്യം കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. അത് അനൗപചാരികമോ അവസരവാദപരമോ ആയി കൂടാ. പാര്‍ട്ടിയെ കൊണ്ടു നടക്കുവാന്‍ അധികാരപ്പെടുത്തിയ ഒരു പറ്റം ആളുകളുമായി എപ്പോഴും സുതാര്യമായ ഒരു ബന്ധം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നാണ് അത് അര്‍ഥമാക്കുന്നത്. ജനങ്ങള്‍ പരസ്‌പരം ആശയവിനിമയം നടത്തുന്ന സ്ഥാപനവല്‍കൃതമായ ഒരു പ്രവര്‍ത്തന രീതി സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യവുമുണ്ട്.
ഉദാഹരണത്തിന് 2019ലെ പരാജയത്തിന് ശേഷം ടെലിവിഷനിലെ ചര്‍ച്ചകളില്‍ ഒരു വക്താവും പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം എടുക്കുന്നതിനു മുന്‍പ് വക്താക്കളുമായി ഒരു ചര്‍ച്ച പോലും നടത്തുകയുണ്ടായില്ല. ഇത് എന്ത് ജനാധിപത്യമാണ്? ഈ തീരുമാനം തീര്‍ത്തും വിഡ്ഢിത്തവും പരിഹാസ്യവും ക്രൂരവുമായിരുന്നു എന്നാണ് എന്‍റെ വിലയിരുത്തൽ.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ എന്തുകൊണ്ടാണ് നമ്മള്‍ പരാജയപ്പെടുന്നത്, എന്തുകൊണ്ടാണ് നമുക്ക് പിഴവുകള്‍ സംഭവിക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹാരം കണ്ടെത്തുന്നതിനായി ഒരു യഥാർഥ കൂടിയാലോചന പോലും ഒരിക്കലും ഉണ്ടായിട്ടില്ല. അവിടെയും ഇവിടെയും ഒക്കെയുള്ള ഏതാനും ചില പാര്‍ട്ടി ഭാരവാഹികളില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസിന്‍റെ മൊത്തം ആശയവിനിമയ സംവിധാനവും.