തകർക്കാനാകാത്ത ആധിപത്യത്തിൽ നിന്ന് അടിപതറിയും ഉയിർത്തെഴുന്നേറ്റതുമായ ചരിത്രമാണ് കോൺഗ്രസിനുളളത്. ആ ചരിത്രം ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെ എത്തി നിൽക്കുന്നു.
1951 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വത്തിൽ രാജ്യം കീഴടക്കിയത് മുതലാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. 68 ഘട്ടങ്ങളായി നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 489 സീറ്റുകളിൽ 364 ഉം കോണ്‍ഗ്രസ് നേടി. യുപിയിലെ ഫൂൽപുർ മണ്ഡലത്തിൽ നിന്ന‌് ലോക്സഭയിലേക്ക് എത്തിയ ജവഹർലാൽ നെഹ്റു രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയായി. 1957 ലെ രണ്ടാം ലോക‌്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആധിപത്യം തുടർന്നു. 490 സീറ്റിൽ 371 ലും കോൺഗ്രസ‌് ജയിച്ച‌് കയറി. 1962 ൽ 11 സീറ്റുകള്‍ കുറഞ്ഞെങ്കിലും കോണ്‍ഗ്രസിന്‍റെ വിജയത്തിന് തടയിടാൻ എതിർ പാർട്ടികൾക്കായില്ല. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 67 ൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ കോൺഗ്രസ് അധികാരത്തിൽ തുടർന്നെങ്കിലും ഭൂരിപക്ഷം നന്നേ കുറഞ്ഞു. 283 സീറ്റുമായി അധികാരത്തിൽ എത്തിയ കോൺഗ്രസിന് മുൻ വർഷത്തെ അപേക്ഷിച്ച് 78 സീറ്റുകളുടെ കുറവാണ് ഉണ്ടായത്. എന്നാൽ 71 ൽ 342 സീറ്റുകൾ നേടി കോൺഗ്രസിന്‍റെ ശക്തമായ തിരിച്ചു വരവാണ് രാജ്യം കണ്ടത്. തുടർച്ചയായി അഞ്ചു തവണ വിജയിച്ച കോൺഗ്രസിന് ആദ്യമായി അടിപതറിയത് അടിയന്തരാവസ്ഥ ആഞ്ഞടിച്ച 1977 ലെ ആറാം തെരഞ്ഞെടുപ്പിലാണ്. 154 സീറ്റിലേക്ക് ചുരുങ്ങിയ കോൺഗ്രസിന് ആദ്യമായി അധികാരം നഷ്ടപ്പെട്ടു. എന്നാൽ 1980 ൽ 353 സീറ്റുകൾ നേടി കോൺഗ്രസ് ശക്തമായി തിരിച്ചെത്തി.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന 1984 ലെ തെരഞ്ഞെടുപ്പിൽ 404 സീറ്റു നേടി റെക്കോഡ് വിജയത്തോടെയാണ് കോൺഗ്രസ് അധികാരത്തിൽ തുടർന്നത്. എന്നാൽ പ്രതിപക്ഷ ഐക്യം ശക്തിയാർജിച്ച 1989 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടിപതറി. 197 സീറ്റുകൾ മാത്രമായി ചുരുങ്ങിയ കോൺഗ്രസിന് വീണ്ടും അധികാരം നഷ്ടമായി. 1991 ൽ 232 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. 182 സീറ്റ് നേടി ബിജെപി അധികാരത്തിലേക്ക് എത്തിയ 1998 ലെ തെരഞ്ഞെടുപ്പിൽ 141 സീറ്റുമായി കോൺഗ്രസ് പരാജയം രുചിച്ചു. ഒരു വർഷത്തിനകം ബിജെപി സർക്കാർ വീണ് 91 ൽ തെരഞ്ഞെടുപ്പ് വന്നെങ്കിലും, കോൺഗ്രസിന് 114 സീറ്റു മാത്രമാണ് നേടാനായത്. 270 സീറ്റുമായി എൻഡിഎ അധികാരത്തിലെത്തി. 2004 ൽ ഏറ്റവും വലിയ ഒറ്റ കഷിയായി അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് 2009 ലും അധികാരം നിലനിർത്തി. കോൺഗ്രസ് വീഴുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയായിരുന്നു 2004, 2009 വർഷങ്ങളിലെ വിജയം എന്നത് ശ്രദ്ധേയമാണ്. ലോക്സഭ ചരിത്രം അടക്കി വാണിരുന്ന കോൺഗ്രസിന്‍റെ ഏറ്റവും വലിയ പതനമാണ് 2014 ൽ രാജ്യം കണ്ടത്. 282 സീറ്റു നേടി എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസ് 44 സീറ്റിലേക്ക് ചുരുങ്ങി. അവിടെ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിച്ചത്.
രാഹുല്‍ ഗാന്ധി ദേശീയ നേതാവ് എന്ന നിലയിലേക്കും കോൺഗ്രസ് അധ്യക്ഷനിലേക്കും സ്ഥാനക്കയറ്റം നേടിയപ്പോൾ സന്തോഷിച്ചത് കോൺഗ്രസ് പ്രവർത്തകരാണ്. എന്നാല്‍ മോദി പ്രഭാവം വീണ്ടും ആഞ്ഞടിച്ചപ്പോൾ കോൺഗ്രസ് വീണ്ടും തകർന്നു. ഹിന്ദി ഹൃദയഭൂമിയില്‍ കോൺഗ്രസിന് വീണ്ടും തിരിച്ചടി. 52 സീറ്റുകൾ എന്ന നിലയിലേക്ക് കോൺഗ്രസ് വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ തവണ പാർലമെന്‍റില്‍ പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമായ കോൺഗ്രസിന് ഇക്കുറിയും അത് ലഭിക്കാനിടയില്ല. പുതിയ സാഹചര്യത്തില്‍ മോദിയെ നേരിടാൻ ആര് എന്ന ചോദ്യമാണ് കോൺഗ്രസിലുള്ളത്. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തിയത് അണികൾക്ക് ആവേശം പകരുന്നുണ്ട്.