സഞ്ജയ് കപൂർ (മുതിർന്ന പത്രപ്രവർത്തകൻ )
ന്യൂഡല്‍ഹി: കോടികൾ മറിയുന്ന ബിസിനസായി രാഷ്ട്രീയം മാറുമ്പോൾ ആർക്കും പണം കൊടുത്ത് വാങ്ങാവുന്ന ഒന്നായി ജനപ്രതിനിധികൾ മാറി. ഗോവയിലും കർണാടകയിലും പരീക്ഷിച്ച് വിജയിച്ച റിസോർട്ട് രാഷ്ട്രീയം ഒറ്റരാത്രികൊണ്ട് സർക്കാരുകളെ കീഴ്‌മേല്‍ മറിക്കുന്ന പുതിയ രാഷ്ട്രീയ രീതിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് മധ്യപ്രദേശില്‍ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തില്‍ എത്തിയതുമുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. 25 മതല്‍ 35 കോടി വരെ നല്‍കിയാണ് കോൺഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാല്‍ ഒരു പരിധിവരെ എംഎല്‍എമാർ കൈവിട്ടു പോകാതിരിക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ശ്രമം വിജയിച്ചിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. മധ്യപ്രദേശ് കോൺഗ്രസ് പാർട്ടിയിലെ ഭിന്നതകളാണ് അതിന് കാരണം. മധ്യപ്രദേശില്‍ കോൺഗ്രസിന്‍റെ മുഖമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേർന്നതോടെ, ഇനിയും അധികാരത്തില്‍ തുടരാം എന്ന കമല്‍നാഥിന്‍റെ പ്രതീക്ഷകൾ വിഫലമായി. പക്ഷേ കർണാടകയില്‍ റിസോർട്ടില്‍ പാർപ്പിച്ചിരിക്കുന്ന എംഎല്‍എമാരെ തിരികെയെത്തിച്ച് അധികാരം തുടരാമെന്ന പ്രതീക്ഷ ഇപ്പോഴും കമല്‍നാഥിനുണ്ട്. മഹാരാഷ്ട്രയില്‍ ശരത് പവാർ നടത്തിയതുപോലെ ഒരു പവർ പൊളിറ്റിക്സ് മോഡല്‍ കമല്‍നാഥും ദിഗ്‌വിജയ് സിങും ചേർന്ന് നടപ്പാക്കിയാല്‍ താല്‍ക്കാലികമായെങ്കിലും മധ്യപ്രദേശില്‍ കോൺഗ്രസിന് ശ്വാസം നഷ്ടമാകാതെ നില്‍ക്കാം.
ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റം കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നതല്ല. കേവല ഭൂരിപക്ഷം നഷ്ടമാകുന്ന തരത്തില്‍ 17 കോൺഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് ചാർട്ടേഡ് വിമാനത്തില്‍ അയച്ചതിന് ശേഷമാണ് സിന്ധ്യ കോൺഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന വിവരം പുറം ലോകത്തെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായെയും നേരില്‍ കണ്ട സിന്ധ്യ, രാജ്യസഭാ എംപി സ്ഥാനവും കേന്ദ്ര മന്ത്രി സ്ഥാനവും ഉറപ്പിച്ച ശേഷമാണ് വർഷങ്ങളായി തുടർന്നുവന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. എംപിയായും കേന്ദ്രമന്ത്രിയായും എഐസിസി ജനറല്‍ സെക്രട്ടറിയായും കോൺഗ്രസില്‍ പ്രവർത്തിച്ച സിന്ധ്യ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമാണ് പരസ്യമായി കോൺഗ്രസ് നിലപാടുകളെ എതിർത്തു തുടങ്ങിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പിന്തുണച്ച സിന്ധ്യ ട്വിറ്റർ അക്കൗണ്ടില്‍ നിന്ന് കോൺഗ്രസ് പ്രവർത്തകൻ എന്നത് മാറ്റി പൊതുപ്രവർത്തകൻ എന്നാക്കി മാറ്റിയപ്പോഴും കോൺഗ്രസ് ദേശീയ നേതൃത്വം ജാഗ്രത കാണിച്ചില്ല. ബിജെപി സ്ഥാപകരില്‍ ഒരാളായ വിജയരാജ സിന്ധ്യയുടെ നിലപാടുകളിലേക്കാണ് ചെറുമകൻ ജ്യോജിരാദിത്യ സിന്ധ്യ മടങ്ങിപ്പോകുന്നത്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വർഷങ്ങളായി ജയിച്ചുവന്ന ഗുണ മണ്ഡലത്തില്‍ പരാജയപ്പെട്ട സിന്ധ്യ അധികാരമില്ലാതെ തുടരുന്നതിന്‍റെ അസ്വസ്ഥതകളില്‍ നിന്നാണ് ബിജെപി ക്ഷണം സ്വീകരിച്ചത്.
മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ അധികാരത്തില്‍ തിരിച്ചെത്തിയ കോൺഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ പൂർണമായും അവഗണിച്ചതില്‍ നിന്നാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടത്. മധ്യപ്രദേശ് പിസിസി അധ്യക്ഷൻ സ്ഥാനം, ഉപമുഖ്യമന്ത്രി സ്ഥാനം എന്നിവയില്‍ ഒന്ന് നല്‍കുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കമല്‍നാഥും ദിഗ്‌വിജയ് സിങും ചേർന്നുള്ള കൂട്ടുകെട്ട് സിന്ധ്യയെ മധ്യപ്രദേശിലെ കോൺഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിർത്താനാണ് ശ്രമിച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തായി അടുത്ത കാലം വരെ അറിയപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഒരു സമയത്ത് കോൺഗ്രസ് അധ്യക്ഷനാകും എന്നു വരെ വാർത്തകൾ വന്നിരുന്നു. അവിടെനിന്നാണ് ബിജെപി പാളയത്തിലേക്ക് സിന്ധ്യ കൂറുമാറിയത് എന്നതും ശ്രദ്ധേയമാണ്. ഗ്വാളിയർ രാജവംശത്തില്‍ നിന്ന് കൗമാരകാലത്ത് തന്നെ ജനാധിപത്യത്തിലെ എല്ലാ അധികാര കേന്ദ്രങ്ങളിലേക്കും അനായാസം നടന്നു കയറിയ ജ്യോതിരാദിത്യ സിന്ധ്യ യാഥാര്‍ഥ്യ രാഷ്ട്രീയവും അവസരവാദവും അങ്ങേയറ്റം മനസാ വരിച്ചുകൊണ്ട്, ആദര്‍ശം പുറം പൂച്ച് മാത്രമായി കൊണ്ടു നടന്നിരുന്ന ആളാണെന്ന് സിന്ധ്യയുമായി അടുത്ത വ്യക്തികൾ പലപ്പോഴായി പറഞ്ഞിരുന്നതാണ്.
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ബിജെപിക്ക് രാജ്യസഭയിലേക്ക് കൂടുതല്‍ എംപിമാരെ എത്തിക്കേണ്ടതിന്‍റെ ആവശ്യകത നന്നായി അറിയാം. അതിനു വേണ്ടി രാഷ്ട്രീയ അധാര്‍മികതയുടെ തുടര്‍ കഥകൾ എന്നോണം പറ്റാവുന്നിടത്തോളം എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചും സർക്കാരുകളെ അട്ടിമറിച്ചും മുന്നോട്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നത്.
ജാർഖണ്ഡിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ശ്രമം തുടരുന്നതിനിടെയാണ് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 18 എംഎല്‍എമാർ മറുകണ്ടം ചാടാൻ തയ്യാറായത്. മുൻകാലങ്ങളില്‍ പണം നല്‍കി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ രഹസ്യ സ്വഭാവം സ്വീകരിച്ചിരുന്നു. എന്നാല്‍ റിസോർട്ട് രാഷ്ട്രീയം എന്ന പുതിയ മാർഗം കണ്ടെത്തിയതോടെ പരസ്യമായി ജനപ്രതിനിധികൾക്ക് പണം നല്‍കി അവരെ കൂറുമാറ്റുന്നതില്‍ ബിജെപി ഒരു പിശുക്കും കാണിക്കുന്നില്ല. മധ്യപ്രദേശില്‍ 25 കോടി വാഗ്‌ദാനം ചെയ്യപ്പെട്ടു എന്നും അതല്ല 100 കോടി വരെ ഓഫർ ഉണ്ട് എന്നും കോൺഗ്രസ് എംഎല്‍എമാർ പരസ്യമായി പറയാൻ തയ്യാറായി എന്ന നിലയിലേക്ക് ഇന്ത്യയുടെ രാഷ്ട്രീയം മാറിക്കഴിഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അനുദിനം തകർച്ചയെ നേരിടുമ്പോഴാണ് കോടികൾ ഒഴുക്കി ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുന്നത് എന്ന വസ്തുത ചർച്ച ചെയ്യപ്പെടേണ്ടതാണ്. കർണാടകയില്‍ സ്വന്തം എംഎല്‍എമാർ ഒറ്റരാത്രികൊണ്ട് ബിജെപിയാകുന്നത് കണ്ടു നിന്ന കോൺഗ്രസിന് മധ്യപ്രദേശിലും അതേ അവസ്ഥയില്‍ തുടരേണ്ടി വരും. സിന്ധ്യയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കി നിർത്താൻ കമല്‍ നാഥും ഗ്വാളിയർ രാജകുടുംബത്തെ ഒരുനാളും ബഹുമാനിക്കാതിരുന്ന ദിഗ്‌വിജയ് സിങും അതിന് നല്‍കേണ്ടി വന്നത് വലിയ വിലയാണ്.
സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മുതല്‍ ഉണ്ടാകുന്ന പിഴവുകളും പാര്‍ട്ടിയുടെ ആദര്‍ശം കാത്തു സൂക്ഷിക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നതിന്‍റെ പ്രതിഫലനവും ഒന്നിച്ചു ചേരുമ്പോഴാണ് ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് മാറേണ്ടി വരുന്നത്. മുന്‍ കാലങ്ങളില്‍ ബിജെപി അടക്കമുള്ള പാർട്ടികളില്‍ പ്രവർത്തിച്ചു തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നവർക്കാണ് കോൺഗ്രസ് സ്ഥാനാർഥിത്വം നല്‍കുന്നത്. ഇവർ പിന്നീട് ബിജെപിയിലേക്ക് മാറുന്നതില്‍ അത്ഭുതപ്പെടാനില്ല. 2019 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ഒരു ലക്ഷ്യം തെറ്റിയ കപ്പലാണ്. സമ്പൂര്‍ണ്ണ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്ന രാഹുലിന്‍റെ അഭ്യര്‍ത്ഥന മാനിക്കുവാന്‍ സോണിയാ ഗാന്ധിക്കു ചുറ്റും പറ്റികൂടിയിരിക്കുന്ന ഉപജാപകവൃന്ദം തയ്യാറായില്ല. പുതിയ പ്രസിഡന്‍റിനെ കണ്ടെത്തുന്നതുവരെ സോണിയാ ഗാന്ധിയോട് തുടരാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം കൊണ്ടു വരിക എന്ന ലക്ഷ്യത്തില്‍ കോൺഗ്രസ് വോട്ടുകൾ ആം ആദ്‌മിക്ക് മറിച്ചുകൊടുക്കാനാണ് കോൺഗ്രസ് തയ്യാറായത്. ബിജ പിക്കുള്ള തിരിച്ചടി എന്ന നിലയില്‍ എഎപിയുടെ വിജയത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്ത്തിയപ്പോള്‍ ഇതില്‍ നിന്നും എന്ത് ഗുണമാണ് ഈ മഹത്തായ പഴയ പാര്‍ട്ടിക്കുണ്ടായത് എന്ന് പലരും അത്ഭുതപ്പെട്ടു. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തില്‍ ബിജെപിക്ക് എതിരെ രാജ്യത്തുടനീളം ഉയർന്നുവന്ന പ്രതിപക്ഷം സ്വരത്തിന്‍റെ മുന്നണിപ്പോരാളിയാകാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല. നാല് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എന്ത് രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നതെന്ന് ആളുകൾ ആശങ്കപ്പെടുന്നുണ്ട്. കോൺഗ്രസിനെയും അതിന്‍റെ ആദർശത്തേയും ആര് നയിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിർണായകമാണ്. ന്യൂനപക്ഷങ്ങൾക്കൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ ആശയപരമായി കോൺഗ്രസ് ഇപ്പോഴും ദുർബലമാണ്. സിഎഎക്കും എന്‍ആര്‍സിക്കും എതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യം മുഴുവന്‍ ആളപ്പടര്‍ന്നപ്പോള്‍ വെറും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. ഡല്‍ഹിയിലെ ഷഹീൻ ബാഗില്‍ ഒന്നെത്തിനോക്കാൻ പോലും കോൺഗ്രസ് നേതൃത്വം മടിച്ചു.
ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ സമരം നയക്കുന്നതിന് പകരം അവസരവാദ രാഷ്ട്രീയത്തിന്‍റെ വഴി തുടരാൻ കോൺഗ്രസ് തീരുമാനിച്ചാല്‍ നിലവില്‍ ഭരണം തുടരുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടി താമര അധികാരത്തിലെത്തുകയും കോൺഗ്രസ് ഓർമ മാത്രമാകുകയും ചെയ്യും.