ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ കർണാടകയിലെ ശിവമോഗയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ അപലപിച്ച് കോൺഗ്രസ്. സുതാര്യതയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ബിജെപിയുടെ ഏകാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് കർണാടകയിൽ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് സംഭവം ബിജെപിയുടെ സ്വേച്ഛാധിപത്യ മനോഭാവത്തെ ചിത്രീകരിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ പ്രസ്താവനയിൽ പറഞ്ഞു.
സെക്ഷൻ 153/505 ഐപിസിഎ പ്രകാരം മെയ് 11നാണ് പിഎം-കെയേഴ്സ് ഫണ്ടിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ കോൺഗ്രസ് പാർട്ടി പങ്കുവെച്ചതായി കാണിച്ച് അഭിഭാഷകനായ കെ വി പ്രവീൺ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പിഎം കെയർ ഫണ്ടിനെ കോൺഗ്രസ് ചോദ്യം ചെയ്യുകയും ഓഡിറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിഎം കെയേഴ്സ് ഫണ്ടിന്‍റെ ഒരേയൊരു പ്രശ്നം അത് കൊവിഡ് -19ന്‍റെ ഇരകൾക്കായി ചെലവഴിക്കുന്നില്ല എന്നതാണെന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.
സിഎജിയുടെയോ മറ്റേതെങ്കിലും വിശ്വസനീയമായ സ്വതന്ത്ര ഏജൻസിയുടെയോ ഓഡിറ്റ് നടത്തണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് സിംഗ്വി കൂട്ടിച്ചേർത്തു.