ന്യൂഡൽഹി: ഡൽഹി- ഉത്തര്‍പ്രദേശ് അതിർത്തിയിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ കോൺഗ്രസ് പാർട്ടി ക്രമീകരിച്ച 1000 ബസ്സുകൾക്ക് യാത്രാ അനുമതി നല്‍കാതെ ഉത്തർപ്രദേശ് സർക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്.
കർഷകർ ഭക്ഷ്യ ദാതാക്കളാണെങ്കിൽ, തൊഴിലാളികൾ രാഷ്ട്രനിർമ്മാതാക്കളാണ്. എല്ലാ ഗതാഗത മാർഗ്ഗങ്ങളും പെട്ടെന്ന് നിർത്തിവെച്ച സാഹചര്യത്തിൽ, ദശലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് യോഗി ആദിത്യനാഥ് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കോൺഗ്രസ് ഇതിനായി 1000 ബസുകൾ ഒരുക്കിയപ്പോൾ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ വഴിയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് പത്രസമ്മേളനത്തിൽ സംസാരിക്കവേ കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
നിലവിൽ ബസുകൾ രാജസ്ഥാൻ-യുപി അതിർത്തിയിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ബസുകൾക്ക് സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവാദമില്ലെന്നും കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സംസ്ഥാന സർക്കാർ എല്ലാ ക്രമീകരണങ്ങളും നടത്തുന്നുണ്ടെങ്കിലും അതിഥി തൊഴിലാളികളെ സഹായിക്കാൻ എത്തിയ ബസുകളെ യാത്ര തുടരാൻ അനുവദിക്കാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലകുറഞ്ഞ രാഷ്ട്രിയമാണ് കളിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. ആർടിഒകൾ ബസ് ഉടമകളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തൊഴിലാളികളെ സഹായിക്കുന്നതിൽ നിന്ന് കോൺഗ്രസ് പാർട്ടിയെ തടയാൻ സംസ്ഥാന സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു.