ന്യൂഡൽഹി: കൊവിഡ് 19 ന് എതിരെ രാജ്യം പോരാടുമ്പോഴും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി . കൊവിഡിനെതിരായ പോരാട്ടത്തിന് പണം കണ്ടെത്താൻ അഞ്ച് നടപടികൾ നിർദേശിച്ച് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്ത് വന്നിരിക്കുന്നത്. സോണിയ ഗാന്ധിക്ക് മുമ്പേ തന്നെ ആവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാനവാസ് ഹുസൈൻ പരിഹസിച്ചു.
പിഎം കെയേഴ്സ് ഫണ്ടിലെ മുഴുവൻ തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും സർക്കാർ പരസ്യങ്ങൾ, ഡൽഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്ക്കരണം, ഔദ്യോഗിക വിദേശ പര്യടനങ്ങൾ എന്നിവ നിർത്തിവയ്ക്കണമെന്നും സോണിയ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കത്തിന് മറുപടിയെന്നോണം ഇന്ത്യ ഒന്നിച്ച് കൊവിഡിനെ തുരത്താൻ പ്രവർത്തിക്കണമെന്നും മറിച്ച് ആരോപങ്ങളുടെ രാഷ്ട്രീയത്തിനുള്ള സമയമല്ല ഇതെന്നും ഷഹനവാസ് ഹുസൈൻ പറഞ്ഞു.