ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നൈണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാർട്ടിയുടെ ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പ്രവർത്തക സമിതിയിൽ മഹാരാഷ്ട വിഷയം ചർച്ച ചെയ്‌തെന്നും എൻസിപിയു മായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിനായുള്ള കോൺഗ്രസ് എൻസിപി സംയുക്ത യോഗത്തിന് മുന്നോടിയായാണ് കെ സി വേണുഗോപിൻ്റെ പ്രതികരണം.
കോൺഗ്രസ് - എൻസിപി നേതാക്കൾ ശിവസേന നേതൃത്വവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താമെന്നും ശനിയാഴ്‌ച സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ അപ്പോളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ജയറാം രമേശ്, മല്ലികാർജുൻ ഖാർഗെ എന്നിവർ എൻസിപിയുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി ഇന്നലെ പാർട്ടി ഇടക്കാല പ്രസിഡൻ്റായ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷം കോൺഗ്രസ് നേതാക്കൾ എൻസിപി നേതാവ് ശരത് പവാറിനെ സന്ദർശിച്ചിരുന്നു.
ഇന്നലെ നടന്ന ചർച്ചക്ക് ശേഷം കോൺഗ്രസ്, എൻസിപി നേതാക്കൾ ശിവസേന നേതൃത്വവുമായി ഫോണിൽ ചർച്ച നടത്തിയെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു. രണ്ടര വർഷം മുഖ്യമന്ത്രി പദം ശിവസേന-എൻസിപി പങ്കിടുകയും കോൺഗ്രസിന് ഉപ മുഖ്യമന്ത്രി പദം എന്നതുമാണ് ഉരിത്തിരിയുന്ന ഫോർമുലയെന്നും വൃത്തങ്ങൾ പറയുന്നു. സ്‌പീക്കർ സ്ഥാനത്തേക്ക് എൻസിപി ശിവസേന എംഎൽഎ മാരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കും.