ന്യൂ ഡല്‍ഹി: മികച്ച രീതിയില്‍ പ്രചാരണം നടത്തിയിരുന്നെങ്കില്‍ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നുവെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി. ശ്രമിച്ചിരുന്നെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമായിരുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം പ്രകടമായിരുന്നു. തകരുന്ന സാമ്പത്തിക രംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യം വന്നുവെന്നും തിവാരി പറഞ്ഞു. നോട്ട് നിരോധനവും, ജി.എസ്.ടിയും രാജ്യത്തിന്‍റെ വളര്‍ച്ചയെ പിന്നോട്ടടിച്ചു. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആ വികാരം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിപോലും പ്രതീക്ഷിക്കാത്ത ഫലമാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ആകെയുള്ള 90 സീറ്റുകളില്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. സ്വതന്ത്രന്‍മാരെയും, പത്ത് സീറ്റുകള്‍ നേടിയ ജെ.ജെ.പിയെയും ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജെ.ജെ.പിയുപമായി സഖ്യമുണ്ടാക്കിയ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്‌തിരുന്നു.