ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ അയവുമായി കേന്ദ്രസർക്കാർ. സിംഗിൾ ബ്രാൻഡ് റീട്ടെയ്ല്‍ മേഖല, ഡിജിറ്റല്‍ മീഡിയ എന്നി മേഖലകളിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കിയത്. ഡിജിറ്റല്‍ മീഡിയ രംഗത്ത് 26 ശതമാനം നിക്ഷേപത്തിനാണ് അനുമതി നല്‍കിയതെന്ന് കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. വ്യവസ്ഥകൾ ഉദാരമാക്കിയതോടെ സിംഗിൾ ബ്രാൻഡഡ് റീട്ടെയ്ല്‍ സ്ഥാപനങ്ങൾക്ക് വ്യാപാര സ്ഥാപനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഓൺലൈൻ വ്യാപാരം ആരംഭിക്കാം.
ഇതോടൊപ്പം രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളജുകൾ തുടങ്ങാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിക്കല്‍ കോളജുകൾ ഇല്ലാത്ത ജില്ലകൾക്ക് പരിഗണന നല്‍കും. 2021- 2022 കാലയളവോടെ പദ്ധതി നിലവില്‍ വരും. ഇതോടെ രാജ്യത്തെ എം ബി ബി എസ് സീറ്റുകളുടെ എണ്ണം 15,700 ആകും. കല്‍ക്കരി ഖനനത്തിന് 100 ശതമാനം വിദേശ നിക്ഷേം അനുവദിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.