ന്യൂഡല്‍ഹി: സാധാരണക്കാരുടെ ദീപാവലി കേന്ദ്രത്തിന്‍റെ കൈയ്യിലാണെന്നും പലിശ ഇളവ് നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് വേഗത്തിലാക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി. എട്ട് വിഭാഗങ്ങളിലായി 2 കോടി രൂപ വരെ വായ്‌പ എടുത്തവരുടെ കൂട്ടുപലിശ ഇളവ് നല്‍കുന്ന തീരുമാനം നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രത്തിന് നവംബര്‍ 2 വരെ സുപ്രീം കോടതി സമയം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എംആര്‍ ഷാ, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പലിശ ഇളവ് അനുവദിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാന്‍ ഒരു മാസത്തെ സമയം ആവശ്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയോട് ബെഞ്ച് വ്യക്തമാക്കി. കേന്ദ്രം വിഷയത്തില്‍ തീരുമാനമെടുത്തതിന് ശേഷം എന്താണ് കാലതാമസമെന്നും സുപ്രീം കോടതി ആരാഞ്ഞു. ആവശ്യമായ ഉത്തരവുകള്‍ നടപ്പാക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും കോടതി പറഞ്ഞു. സാധാരണക്കാരുടെ അവസ്ഥ കേന്ദ്രം മനസിലാക്കണം. കേന്ദ്രം തങ്ങള്‍ക്ക് അനുകൂലമായ നടപടിയാണ് എടുത്തതെന്ന് അവര്‍ക്കറിയാമെന്നും എങ്കിലും ഫലമാണ് അവര്‍ക്കാവശ്യമെന്നും ജസ്റ്റിസ് ഷാ വ്യക്തമാക്കി. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് തുഷാര്‍ മെഹ്‌ത കോടതിക്ക് മറുപടി നല്‍കി.
വിഷയത്തില്‍ നവംബറില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അപ്പോഴേക്കും തീരുമാനം അറിയിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മൊറട്ടോറിയം കാലയളവില്‍ 2 കോടി വരെയുള്ള വായ്‌പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.