ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ കമല്‍നാഥ് സര്‍ക്കാരിനോട് ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ കമല്‍നാഥിനെ അറിയിച്ചു. മാര്‍ച്ച് 17ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയില്ലെങ്കില്‍ സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം ഇല്ലെന്ന് കണക്കാക്കുമെന്നും ഗവര്‍ണര്‍ കമല്‍നാഥിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍, കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് അവകാശപ്പെടുകയും വിശ്വാസപ്രമേയത്തിന് ഉത്തരവിടണമെന്ന് ഗവര്‍ണര്‍ ടണ്ടനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് അറിയാവുന്നതിനാൽ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഒളിച്ചോടുകയാണ്. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാര്‍ച്ച് 26 വരെ നിയമസഭ കൂടില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ രാജ്‌ഭവനിലെത്തി നേരിട്ട് ചര്‍ച്ചകള്‍ നടത്തി. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവകാശങ്ങള്‍ ആരും ലംഘിക്കില്ലെന്നും ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി എംഎല്‍എമാര്‍ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയതോടെ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിന്ധിക്കിടയിലാണ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.