ചണ്ഡീഗഡ്: കൊവിഡ് -19 വാക്സിന്‍റെ പരീക്ഷണം ഇന്ത്യയിൽ അവസാന ഘട്ടത്തില്‍ എത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആദ്യ ഡോസ് സ്വീകരിക്കും. സംസ്ഥാന കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വാക്സിന് അനുമതി നല്‍കിയാലുടന്‍ അതിന് തയ്യാറെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. കൊവിഡ് സാഹചര്യത്തെക്കുറിച്ചും വാക്‌സിൻ പുറത്തിറക്കാനുള്ള സംസ്ഥാനത്തിന്‍റെ തയ്യാറെടുപ്പിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ചേര്‍ന്ന വെർച്വൽ കാബിനറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡിനായി ഒരു വാക്സിൻ വികസിപ്പിച്ചെടുത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. വിജയകരമായ രണ്ട് പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞ് മൂന്നാം ഘട്ടം ഇന്ന് ആരംഭിച്ചു. 1.25 ലക്ഷം സർക്കാർ, സ്വകാര്യ ആരോഗ്യ പ്രവർത്തകരെ ആദ്യ ഘട്ടത്തിൽ കുത്തിവയ്പ് എടുക്കാൻ സംസ്ഥാനം തയ്യാറാക്കിയതായി പഞ്ചാബ് ആരോഗ്യ സെക്രട്ടറി ഹുസൻ ലാൽ അറിയിച്ചു.