ഹൈദരബാദ്: ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 കോടി കടന്ന് മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് 40 കോടി പേരും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ ഈ ആപ്പിന് എത്രത്തോളം ജനപ്രീതിയുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ജനങ്ങളുടെ ജീവിതത്തില്‍ ആഴത്തില്‍ വേരോടി കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് ജനപ്രിയ മൊബൈല്‍ ആപ്പ് പെട്ടെന്നൊരു നാള്‍ “ഞങ്ങളിതാ, ഞങ്ങളുടെ സ്വകാര്യതാ നയം മാറ്റുന്നു” എന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നു. മാത്രമല്ല, പുതിയ നയം സ്വീകരിക്കുവാന്‍ തയ്യാറല്ലാത്തവര്‍ക്ക് 2021 ഫെബ്രുവരി എട്ട് മുതല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു.
ലോകത്താകമാനമുള്ള 200 കോടി ഉപയോക്താക്കളെ ഞെട്ടിത്തരിപ്പിച്ചു കൊണ്ടാണ് വാട്‌സാപ്പിന്‍റെ പുതിയ നയം. വാട്സാപ്പിന്‍റെ സഹോദര ആപ്പായ ഫെയ്‌സ്ബുക്കിന് വ്യക്തികളുടെ വിവരങ്ങൾ കൈമാറുമെന്നാണ് പുതിയ സ്വകാര്യതാ നയത്തിൽ പറയുന്നത്.
ഇതോടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കുന്ന വിവരങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ലഭ്യമാകും എന്ന് ഭയന്ന നിരവധി പേര്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താൻ ശ്രമിച്ചു. ഇതോടെ ലക്ഷകണക്കിന് വാട്‌സാപ്പ് ഉപയോക്താക്കള്‍ ടെലഗ്രാമും സിഗ്നലും പോലുള്ള ആപ്പുകളിലേക്ക് ചേക്കേറാൻ ആരംഭിച്ചു. ഇത് വാട്സാപ്പിന് തിരിച്ചടിയായി. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പുതിയ സ്വകാര്യതാ നയം പിന്‍ വലിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാതിരുന്ന വാട്സാ്പ്പ് മെയ്-15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചു.ഈ സമയത്തിനുള്ളില്‍ തങ്ങളുടെ സ്വകാര്യതയുടെ സുരക്ഷ സംബന്ധിച്ച് ഉപയോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി എടുക്കും എന്നാണ് സമൂഹ മാധ്യമ വമ്പന്മാരുടെ അവകാശം പറയുന്നത്.
വാട്‌സാപ്പിന്‍റെ പുതിയ സ്വകാര്യതാ നയത്തെ വെല്ലുവിളിച്ച് അഭിഭാഷകന്‍ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി കളഞ്ഞിരുന്നു. ഒരു സമൂഹ മാധ്യമ ആപ്പിന്‍റെ സ്വകാര്യതാ നയം അംഗീകരിക്കേണ്ടത് വ്യക്തികളാണെന്നും അത് അംഗീകരിക്കണോ എന്നും പ്രസ്തുത പ്ലാറ്റ്‌ഫോമില്‍ ചേരണോ എന്നതും ഒരാള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
സ്വകാര്യ വിവരങ്ങള്‍ ചോർത്തും എന്നുള്ള ആരോപണങ്ങളെ തള്ളി കളഞ്ഞ വാട്‌സാപ്പ് അധിക ഡാറ്റാ സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നൽകുന്നു. ആര് എന്തൊക്കെ നയങ്ങള്‍ സ്വീകരിച്ചാലും പൗരന്മാരുടെ വ്യക്തിപരമായ സ്വകാര്യത ലംഘിക്കപ്പെടുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജീവിക്കാനുള്ള അവകാശവും സമത്വത്തിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഉള്ള അവകാശവും പോലെ ഒരു വ്യക് തിയുടെ സ്വകാര്യതയും അയാളുടെ മൗലികാവകാശം തന്നെയാണെന്ന് 2017ലെ സുപ്രീം കോടതി ഉത്തരവിൽ പറയുന്നുണ്ട്. ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കണമെന്ന് കോടതി അന്ന് സര്‍ക്കാരിനോട് ആഹ്വാനം ചെയ്യുകയായിരുന്നു.
ലോകത്തെ 90-ലധികം രാജ്യങ്ങളില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അതിശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷന്‍ (ജിഡ പിആര്‍) ആണ് പ്രസ്തുത നിയമങ്ങളില്‍ ഏറ്റവും മികവുറ്റതെന്ന് കണക്കാക്കപ്പെടുന്നു. പ്രസ്തുത രാജ്യങ്ങളില്‍ വാട്‌സാപ്പിന് ഫെയ്‌സുബുക്കുമായി വിവരങ്ങള്‍ പങ്കു വെയ്ക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം ശക്തമായ നിയമങ്ങളുടെ അഭാവം നിഴലിക്കുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ മുതലെടുക്കാനാണ് വാട്‌സാപ്പ് ശ്രമിക്കുന്നത്.
പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുന്ന ഒരു നിയമം ഉടന്‍ തന്നെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട്. 2019 ല്‍ ഡിസംബറില്‍ പാര്‍ലിമെന്‍റില്‍ കൊണ്ടു വന്ന വ്യക്തി വിവര സുരക്ഷാ ബില്‍ വേണ്ടത്ര ശക്തമായതല്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ ജിഡിപി ആറിന്‍റെ അതേ രീതിയിലുള്ള ശക്തമായ നിയമം നടപ്പിലാക്കുക എന്നത് മാത്രമാണ് വാട്‌സാപ്പ് ഉയര്‍ത്തി കൊണ്ടു വരുന്ന വിവാദങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മറുമരുന്ന്.