ആഗ്ര: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ താജ്മഹൽ സന്ദർശനത്തിന് കുരങ്ങുകൾ ഭീഷണിയാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യാവസായിക സുരക്ഷാ സേന(സിഐഎസ്എഫ്). കഴിഞ്ഞ ആറുമാസമായി താജ്മഹലിനുള്ളിൽ കുരങ്ങുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്‍റ് ട്രംപ് താജ്മഹൽ സന്ദർശിക്കുന്ന ദിവസം കുരങ്ങുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും സിഐഎസ്എഫ് കമാൻഡന്‍റ് ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
താജ്മഹലിന്‍റെ സുരക്ഷ കേന്ദ്ര അർദ്ധ സൈനികർക്കും കേന്ദ്ര വ്യാവസായിക സുരക്ഷാ സേനക്കുമാണ്. ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഫെബ്രുവരി 24 ഉച്ചക്ക് 12 മുതൽ താജ്മഹലിൽ പൊതുജനങ്ങളുടെ സന്ദർശനം ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 24നാണ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്നത്.