ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഐഎസ്എഫ് സേനയുടെ പ്രാധാന്യം വലുതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി അക്കാദമിയിലെ പുതിയ 100 ട്രെയിനികളുടെ ഇ പാസിങ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 11 അസിസ്റ്റന്‍റ് കമാന്‍ഡന്‍റും, 79 സബ് ഇന്‍സ്‌പെക്‌ടര്‍മാരും, 10 അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍മാരുമാണ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ആയതിനാല്‍ സുരക്ഷാ ഭീഷണികളുണ്ടോയെന്ന് സേന നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആത്‌മനിര്‍ഭര്‍ ഭാരതിലേക്കുള്ള യാത്രയില്‍ സേനയിലെത്തുന്ന പുതിയ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോള സുരക്ഷാമാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ നിരന്തരം ഭീഷണികളെ വിലയിരുത്തണമെന്നും പിന്‍ബലമെന്നോണം സേനയുടെ ശേഷി വര്‍ധിപ്പിക്കണമെന്നും ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന വെബിനാറില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. സിഐഎസ്എഫിലെ സ്‌ത്രീപങ്കാളിത്തത്തെ അഭിനന്ദിക്കാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മറന്നില്ല.
വനിത ഉദ്യോഗസ്ഥര്‍ സേനയില്‍ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരിലെ അച്ചടക്കം, ശാരീരിക ക്ഷമത, പ്രൊഫഷണലിസം എന്നീ ഗുണങ്ങള്‍ പരിപോഷിപ്പിക്കുകയെന്നതാണ് സിഐഎസ്‌എഫിന്‍റെ ശ്രമമെന്ന് സേന ഡിജി രാജേഷ് രഞ്ചന്‍ പറഞ്ഞു. പരിപാടിയില്‍ ആഭ്യന്തര മന്ത്രിയുടെ സന്ദേശവും സിഐഎസ്‌എഫ് ഡിജി വായിച്ചു. കൊവിഡ് മഹാമാരിക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്‌ച കാണിക്കാതിരുന്ന സിഐഎസ്എഫിനെ അമിത് ഷാ അഭിനന്ദിച്ചു.