ന്യൂഡൽഹി: കൊൽക്കത്തയിൽ കേന്ദ്ര വ്യവസായ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥൻ (സിഐഎസ്എഫ്) കൊവിഡ് ബാധിച്ച് മരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) ആറാമത്തെ കൊവിഡ് മരണമാണിത്. അതിർത്തി സുരക്ഷാ സേനയിലെ രണ്ട് പേരും കേന്ദ്ര റിസർവ് പൊലീസ് സേനയിലെ ഒരാളും കൊവിഡ് -19 മൂലം മരിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന്‍റെ (ജിആർസെൽ) സുരക്ഷാ യൂണിറ്റിൽ പോസ്റ്റ് ചെയ്ത അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ജൗർ ബർമാൻ (55) തിങ്കഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
നേരത്തെ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ പോസ്റ്റ് ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ റാങ്ക് ഉദ്യോഗസ്ഥനും കൊവിഡ് -19 ബാധിച്ച് മരിച്ചിരുന്നു.
സിആർപിഎഫ്, ബിഎസ്‌എഫ്, സിഐഎസ്‌എഫ്, ഐടിബിപി, എസ്‌എസ്ബി തുടങ്ങിയ സേനകളിലെ 758 ഉദ്യാഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.