ശ്രീനഗര്‍: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് സേന രണ്ട് കിലോമീറ്റര്‍ പിന്‍വാങ്ങിയെന്ന് സൂചന. ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ മൂന്ന് തവണയായി നടത്തിയ ചര്‍ച്ചയില്‍ വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിരിക്കുന്ന സേനയെ പിന്‍വലിക്കാന്‍ ധാരണയായിരുന്നു. നിയന്ത്രണരേഖയ്‌ക്ക് സമീപത്തായി വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈനികരെ മെയ് 4ന് മുന്‍പ് വരെയുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് പിന്‍വലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ നിര്‍ദേശത്തോട് ചൈന പ്രതികരിച്ചിരുന്നില്ല.
അതിര്‍ത്തിയില്‍ 10000ത്തിലധികം സൈനികരെയാണ് ചൈന നേരത്തെ വിന്യസിച്ചിരുന്നത്. കഴിഞ്ഞ മാസം ഗല്‍വന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സൈനിക നയതന്ത്ര തല ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മെയ് നാലോടെയാണ് ഫിംഗര്‍ ഏരിയ, ഗല്‍വന്‍ താഴ്‌വര, പിപി- 15, ഹോട്ട് സ്‌പ്രിംങ്സ്, ഗോഗ്ര എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈനീസ് സേനയുടെ കടന്നു വരുന്നത്.