ലക്‌നൗ: ഉത്തർപ്രദേശിലെ നജിബാബാദിനടുത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരൻ മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. നജിബാബാദിനടുത്തുള്ള പ്രേംപുരിയിൽ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിഷുവിനെയും ചേതനെയും പുലി ആക്രമിക്കുകയായിരുന്നു. കുട്ടികൾ നിലവിളിച്ചപ്പോൾ ചേതനെയും കൊണ്ട് പുലി രക്ഷപ്പെട്ടു. നാട്ടുകാർ ഉടനെ തന്നെ പരിസരപ്രദേശത്ത് കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് 300 കിലോമീറ്റർ ദൂരത്ത് നിന്ന് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ കൈകൾ ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. നാലു വയസ്സുകാരി നിഷുവിന് കഴുത്തിലാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ ഞായറാഴ്‌ചയും സമാനമായ രീതിയിൽ ഒരു കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചിരുന്നു. കുട്ടി ഇപ്പോൾ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പുലിയെ പിടികൂടാനായി കെണിയൊരുക്കിയതായും ബിജ്‌നോർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. സെമ്മരൻ അറിയിച്ചു.
എന്നാൽ, പുള്ളിപ്പുലിയെ നരഭോജി ഇനത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് നജിബാബാദ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനോജ് ശുക്ല പറയുന്നത്. ഇതാദ്യമായാണ് ഒരു പുള്ളിപ്പുലി കുട്ടികളെ കൊല്ലുന്നത്. മാത്രമല്ല, മൂന്ന് കേസുകളിലും ഒരേ പുലി തന്നെയാണെന്നതും സംശയമാണ്. പല സ്ഥലങ്ങളിലായി പുലിയെ പിടിക്കാൻ കെണിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.