ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി ടോം ജോസ് മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചു. മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ചീഫ് സെക്രട്ടറിയുടെ മാപ്പപേക്ഷ. കോടതി ഉത്തരവ് നടപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കോടതിക്ക് അനുചിതമായി എന്തെങ്കിലും തന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ താന്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയില്‍ ബോധിപ്പിച്ചു.
ഫ്ലാറ്റ് പൊളിച്ചുനീക്കുമെന്ന് ഉറപ്പ് നല്‍കുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികൾ അടങ്ങുന്ന ആറ് പേജ് വരുന്ന സത്യവാങ്ങ്മൂലമാണ് കോടതിയില്‍ സമർപ്പിച്ചത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ കടുത്ത പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.