ഹൈദരാബാദ്: തെലങ്കാനയില്‍ 5100 റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ടിഎസ്ആര്‍ടിസി ബസുകള്‍ മാത്രം ഓടിയിരുന്ന 5100 റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം 29 ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം. സമരം ചെയ്യുന്ന ജീവനക്കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ബാക്കിയുള്ള റൂട്ടുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നവംബര്‍ അഞ്ചിന് അര്‍ധ രാത്രിക്കകം ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്ത പക്ഷം അവശേഷിക്കുന്ന 5000 റൂട്ടുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. 5100 റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിച്ച നടപടി പിന്‍വലിക്കാനാവില്ല. റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള അവകാശം മോട്ടോര്‍വാഹന നിയമ പ്രകാരം സര്‍ക്കാരിനുണ്ട്. ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് തെലങ്കാന സര്‍ക്കാര്‍.
അതേസമയം കഴിഞ്ഞ 29 ദിവസമായി സമരം ചെയ്യുന്ന ടിഎസ്ആര്‍ടിസി ജീവനക്കാര്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്. നവംബര്‍ അഞ്ചിന് റോഡ് ഉപരോധവും റാലിയും സംഘടിപ്പിക്കാനാണ് തീരുമാനം. സഹായത്തിന് കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനാണ് ആലോചയെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹര്‍ജികള്‍ തെലങ്കാന ഹൈക്കോടതിയില്‍ പരിഗണനയിലാണ്.