റായ്പൂർ: രക്ഷാ ബന്ധനിൽ സഹോദരിയുടെ അഭ്യർത്ഥനയിൽ പൊലീസിൽ കീഴടങ്ങി തലക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ച നക്സൽ യുവാവ്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം. മല്ല എന്ന നക്സലാണ് പൊലീസിൽ കീഴടങ്ങിയത്. പന്ത്രണ്ടാം വയസിൽ വീട് വിട്ട് ഓടി പോയ മല്ല നക്സൽ പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. 14 വർഷത്തിന് ശേഷം തന്‍റെ സഹോദരി ലിംഗെയെ കാണാനാണ് ഇയാൾ നാട്ടിലെക്ക് മടങ്ങിയത്. തുടർന്ന് സഹോദരിയുടെ അഭ്യർത്ഥനയെ മാനിച്ച് മല്ല പൊലീസിൽ കീഴടങ്ങുകയായിരുന്നു.
2016 മുതൽ താൻ പ്ലാറ്റൂൺ ഡെപ്യൂട്ടി കമാൻഡറായിരുന്നെന്ന് മുൻ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ മല്ല പറഞ്ഞു.ഭൈറംഗഡ് പ്രദേശത്തെ പ്ലാറ്റൂൺ കമാൻഡറായിരുന്നതിനാൽ കഴിഞ്ഞ ദശകത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിച്ച എല്ലാ പ്രധാന സംഭവങ്ങളിലും ഇയാൾ പങ്കാളിയാണെന്ന് ദന്തേവാഡയിലെ പൊലീസ് സൂപ്രണ്ട് (എസ്പി) അഭിഷേക് പല്ലവ് പറഞ്ഞു. ദന്തേവാഡ ജില്ലയിലെ ലോൺ വർറാട്ടു പദ്ധതി പ്രകാരമാണ് മല്ല തിരിച്ചെത്തിയതെന്നും എസ്പി പറഞ്ഞു.ലോൺ വർറാട്ടു പദ്ധതി പ്രകാരം കീഴടങ്ങുന്ന നക്സലിനെ തൊഴിൽ നൽകി പുനരധിവസിപ്പിക്കും.