റായ്പൂർ: ഛത്തീസ്ഗഡിലെ കരഞ്ചാവർ വനത്തിൽ കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ചർ വിജയ് കുമാർ ശ്രീവാസ്തവ, ഫോറസ്റ്റ് ഗാർഡ് മുകേഷ് ഗുപ്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ചറിനും വനം വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതാപൂരിലെ കരഞ്ചാവർ വനത്തിൽ നിന്നും മെയ് 11 നാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. ആനയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആനയുടെ മരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി കാണുകയും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.
അതേസമയം ആനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വനം വകുപ്പ് മന്ത്രി മുഹമ്മദ് അക്ബാൽ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാനലിനോട് നിർദേശിച്ചു. ജൂൺ ഒമ്പത് മുതൽ സംസ്ഥാനത്തെ നാല് ജില്ലകളിലായി അഞ്ച് ആനകളാണ് വിവിധ കാരണങ്ങളാൽ മരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടന്ന് വരികയാണ്.