ന്യൂഡൽഹി: സർക്കാർ മാറി ചിന്തിക്കാൻ തയ്യാറായാൽ കമാൻഡർ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കാമെന്ന് സുപ്രീംകോടതി. സൈന്യത്തിൽ പോരാട്ട പ്രവർത്തനങ്ങളോടൊപ്പം മറ്റ് അനവധി സേവനങ്ങളിൽ വനിതകൾക്ക് പങ്കാളികളാകാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സൈന്യത്തിലെ കമാൻഡർ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആഴശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സൈന്യത്തിൽ സ്ഥാനക്കയറ്റം, നിയമനം എന്നിവയിൽ ലിംഗാധിഷ്‌ഠിത വിവേചനത്തിന് കാരണമാകുന്ന തരത്തിലുള്ള യാതൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ആർ. ബാലസുബ്രമണ്യം വ്യക്തമാക്കി. എന്നാൽ ലിംഗവിവേചനം നിലനിൽക്കുന്നുവെങ്കിൽ അത് നീക്കംചെയ്യുന്നതിന് രണ്ട് കാര്യങ്ങളാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മാനസികാവസ്ഥയിൽ മാറ്റം വരുത്തുകയും ഭരണപരമായ ഇച്ഛാശക്തിയുമാണെന്ന് ഇതിന് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം പുരുഷന്മാരേക്കാൾ സ്ത്രീകൾ മികച്ചവരാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വനിതകളെ കമാന്‍ഡര്‍ പോസ്റ്റില്‍ നിയമിച്ചാല്‍ അത് സൈന്യത്തിന്‍റെ പ്രവര്‍ത്തന രീതിയെ ബാധിക്കുമെന്നും വനിതാ കമാൻഡർമാരെ അംഗീകരിക്കാൻ മാത്രം ഇന്ത്യൻ ആർമിയിലെ പുരുഷസൈന്യം പാകപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമര്‍ശം വിവാദമായിരുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാർക്ക് കമാൻഡ് എടുക്കാൻ കഴിയില്ലെന്നല്ല ഉദ്ദേശിച്ചതെന്ന് തുഷാര്‍ മേത്ത തിരുത്തി.