അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ഓഫീസ് ആയി ഉപയോഗിച്ച പ്രജാവേദിക എന്ന കെട്ടിടം ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത് വിവാദമാകുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ ഔദ്യോഗിക വസതി അനധികൃത നിർമ്മാണമാണെന്ന് പറഞ്ഞ ജഗൻമോഗൻ ഇന്നലെയാണ് പ്രജാ വേദിക പൊളിക്കാൻ ഉത്തരവിട്ടത്.
കൃഷ്ണാനദീതീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ പറഞ്ഞു. പ്രജാവേദിക തന്‍റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വിട്ടുതരണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടെങ്കിലും ജഗൻ അത് നിരാകരിക്കുകയായിരുന്നു. കെട്ടിടം പൊളിക്കുന്നത് സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പറഞ്ഞ ജഗൻ ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുകയാണെന്ന് പറഞ്ഞു. എന്നാല്‍ ജഗൻ മോഹൻ പ്രതികാര രാഷ്ട്രീയം കളിക്കുകയണെന്നാണ് ടിഡിപിയുടെ പ്രതികരണം.
മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക യോഗങ്ങൾ നടത്താനാണ് ചന്ദ്രബാബു നായിഡു പ്രജാ വേദിക ഉപയോഗിച്ചിരുന്നത്. 2017ല്‍ എട്ട് കോടി ചെലവിട്ടാണ് പ്രജാ വേദിക നിർമ്മിച്ചത്. പ്രജാവേദികയില്‍ കലക്ടർമാരുടെ യോഗത്തിലാണ് ജഗൻ പൊളിക്കാൻ ഉത്തരവിട്ടതെന്നതും ശ്രദ്ധേയമാണ്.