ബീഹാറിലെ ചമ്പാരൻ...
മഹാത്മാഗാന്ധിയുടെ ആദ്യ സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ച സ്ഥലം.. അതിനാൽ തന്നെ ഈ പ്രദേശത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
മോതിഹാരിയിലെ ചമ്പാരനെ ഗാന്ധിജിയുടെ കർമ്മഭൂമി എന്നും വിളിക്കുന്നു, കാരണം ഇത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഒരു വലിയ പ്രക്ഷോഭം സൃഷ്ടിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കർഷകരെ ജമീന്ദാർ പീഡിപ്പിക്കുകയും ചമ്പാരനിൽ അനധികൃത നികുതി ചുമത്തുകയും ചെയ്തു.
എന്നാൽ 1916 ൽ ലഖ്‌നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജിയെ രാജ് കുമാർ ശുക്ല കാണുകയും കൃഷിക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാനായി ചമ്പാരൻ സന്ദർശിക്കണമെന്ന് ശുക്ല ഗാന്ധിജിയോട് അഭ്യർഥിക്കുകയും ചെയ്തു. പിന്നീട് 1917ൽ രാജ് കുമാർ ശുക്ലക്കൊപ്പം ഗാന്ധിജി ചമ്പാരൻ സന്ദർശിച്ചു.
മോതിഹാരിയിലെത്തിയതിന്റെ പിറ്റേന്ന് ഒരു കർഷകനെ മർദിച്ചെന്ന വിവരം അറിഞ്ഞ് ഗാന്ധിജി ജസൗലിപട്ടി എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
യാത്രാമധ്യേ ചന്ദ്രഹിയ ഗ്രാമത്തിൽ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഡബ്ല്യു.ബി. ഹെയ്‌കോക്കിൽ ഗാന്ധിജിയോട് എത്രയും വേഗം ചമ്പാരനിൽ നിന്ന് തിരിച്ചുപോകാൻ ഉത്തരവ് നൽകി. അതിനെ എതിർത്ത ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് എസ്ഡിഒ കോടതിയിൽ ഹാജരാക്കി. ജയിലിനും പൊലീസ് സ്റ്റേഷനും കോടതിക്കും പുറത്ത് ചമ്പാരനിലെ ആളുകൾ പ്രതിഷേധവുമായെത്തി..
പ്രതിഷേധം ശക്തമായതിനെ തുടന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സർക്കാർ ഗാന്ധിജിയെ വിട്ടയക്കുകയും അദ്ദേഹത്തെ ജില്ലയിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ മാർഗനിർദേശപ്രകാരം നടത്തിയ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാർ ചുമത്തിയ അനധികൃത നികുതി നിർത്തലാക്കി. ഈ പ്രസ്ഥാനത്തിനിടയിലാണ് ജനങ്ങൾ ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്.
ചമ്പാരനിലെ നിസഹകരണ പ്രസ്ഥാനത്തിന്‍റെ വിജയം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് വഴിയൊരുക്കി..